facebook page The Land Of Padayani

https://www.facebook.com/Thelandofpadayani

പടയണി - അണിയറയില്‍

--പടയണി - അണിയറയില്‍--
വിഷുപ്പുലരിയില്‍ കൊന്നപ്പൂവിന്‍റെ എെശ്വര്യ കാഴ്ചകളില്‍ മനംനിറച്ച് കടമ്മനിട്ട ഭഗവതി ക്ഷേത്രം ഉണരുന്നത് പടയണിയുടെ നിറധന്യതയിലേക്ക്. നാടിന് ഉറക്കമില്ലാത്ത രാവുകള്‍ സമ്മാനിക്കുന്ന പ്രസിദ്ധമായ കടമ്മനിട്ട പടയണി മേടം ഒന്നിന് (ഏപ്രില്‍ 14ന്) ചൂട്ടുവെയ്‌പ്പോടെ തുടങ്ങി.ദാരികാസുര വധത്തിനു ശേഷം രക്തദാഹിയായ ഭദ്രകാളിയുടെ കോപം അടക്കാനായി ശിവനും ഭൂതഗണങ്ങളും വിവിധ കോലങ്ങള്‍ കെട്ടി ആടിയതിന്‍റെ ഒാര്‍മ പുതുക്കിയായിരുന്നു കടമ്മനിട്ട ഭഗവതിക്കു മുന്പില്‍ പടയണി കോലങ്ങള്‍ നിറഞ്ഞാടാന്‍ എത്തുന്നത്. അഗ്നിസ്വരൂപിണിയായ കാവിലമ്മക്കു മുന്പില്‍ കോലങ്ങള്‍ നിറഞ്ഞാടുന്ന പടയണിക്ക് വിഷു ദിവസം രാത്രിയില്‍ അത്താഴപൂജക്കു ശേഷമാണ് ചൂട്ടുവെയ്ക്കുക. അതിനു ശേഷം നാളികേരം മുറിച്ച് രാശിനോക്കി ഫലവും പറയും. ഐശ്വര്യത്തിന്‍റെയും സന്തോഷത്തിന്‍റെയും നാളുകള്‍ക്കായുളളപ്രാര്‍ഥനയുമായി കടമ്മനിട്ടക്കാര്‍ കാത്തിരിക്കുന്ന വലിയപടയണി എട്ടാം നാളിലാണ്. ഏപ്രില്‍ 15ന് പച്ചത്തപ്പുകൊട്ടും. മൂന്നാം പടയണിയായ ഏപ്രില്‍ 16 മുതലാണ് പിശാച് മുതല്‍ ഭൈരവി വരെയുള്ള കോലങ്ങള്‍ കാവിലമ്മയുടെ തിരുമുന്പില്‍ നേരം പുലരും വരെ ഇളകിയാടുക. കാച്ചിക്കൊട്ടിയ തപ്പില്‍ നിന്ന് ഉയരുന്ന മേളം അവസാനിക്കുന്പോഴാണ് ക്ഷേത്ര മുറ്റത്തേക്കു കോലങ്ങള്‍ കടക്കുക. കാവിനു വലംവച്ചാണ് ഒാരോന്നും പടയണി കളത്തില്‍ എത്തുക. വെളിച്ചപ്പാടും കാവടിതുള്ളലും പരദേശിയും അവസാനിക്കുന്പോഴാണ് പ്രധാന ഇനങ്ങളായി പാളക്കോലങ്ങള്‍ കളത്തില്‍ ചുവടുവെയ്ക്കുന്നത്.ആറുനാള്‍ ആയിരങ്ങളുടെ മനം നിറച്ച്ഭഗവതിക്കു നിവേദ്യമായി കോലങ്ങള്‍ തുള്ളി ഒഴിഞ്ഞാണ് എട്ടാംനാള്‍ വലിയ പടയണിക്കായി ഒരുങ്ങുന്നത്.കോലങ്ങള്‍ പ്രകൃതിദത്തമായ നിറക്കൂട്ടുകളില്‍ പ്രകൃതിദത്തമായ കൂട്ടുകളായ ചെങ്കല്ലും കരിയും ചണ്ണയ്ക്കാമഞ്ഞയും പാളയുടെ പച്ചയും വെള്ളയും അടക്കം അഞ്ചു നിറങ്ങളാണു കോലങ്ങള്‍ക്കുള്ളത്. പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നതാണ് അഞ്ചു നിറങ്ങള്‍. കറുപ്പ് ആകാശത്തെയും പച്ച വായുവിനെയും ചുവപ്പ് അഗ്നിയെയും വെളുപ്പ് ജലത്തെയും മഞ്ഞ ഭൂമിയെയുമാണ് സൂചിപ്പിക്കുന്നത്. പഞ്ചഭൂതാത്മകമാണു പ്രകൃതി എന്ന തത്വമാണ് ഇതിനാധാരം.വിവിധ കോലങ്ങള്‍ മുഖംമറ കോലങ്ങള്‍ മുതല്‍ രൗദ്രഭാവങ്ങള്‍ നിറഞ്ഞ ഭൈരവി വരെ കളത്തില്‍ നിറഞ്ഞാടുന്നതിനുണ്ട്. പിശാച്, മറുത, കാലന്‍, സുന്ദരയക്ഷി, കാഞ്ഞിരമാല തുടങ്ങിയവ കൂടാതെ കുതിര, നായാട്ട്, അരക്കിയക്ഷി, ആന്തരയക്ഷി, ശിവകോലം, പൂപ്പട, കരവഞ്ചി, തട്ടുമ്മേല്‍ തുള്ളല്‍ എന്നീ ഇനങ്ങള്‍ കൂടി ചേര്‍ന്നതാകും 21ന് വലിയ പടയണിക്ക്അവതരിപ്പിക്കുക. കാച്ചിക്കൊട്ടിയ തപ്പില്‍നിന്നുയരുന്ന ശുദ്ധതാളത്തിന്‍റെ മേളത്തിനൊത്താണ് കാവിലമ്മയുടെ തിരുമുന്പില്‍ കോലങ്ങള്‍ ഉറഞ്ഞു തുള്ളുക.നാടിന്‍റെ നന്മക്കായി നാടിന്‍റെ നന്മക്കായി ഭഗവതിയോടുള്ള പ്രാര്‍ഥനയാണ് ഒാരോ കോലങ്ങളും വിഭാവന ചെയ്‌യുന്നത്. ആദ്യം തുള്ളുന്നത്ഗണപതി കോലമാണ്. എല്ലാവിധ പൈശാചിക ദോഷങ്ങളും ബാധകളും മാറ്റുന്നതിനുവേണ്ടിയാണ് പിശാചുപോലെ കളത്തില്‍ നിറഞ്ഞാടുക. വസൂരി രോഗത്തില്‍ നിന്നും നാടിന് മുക്തി നല്‍കണമെന്ന അപേക്ഷയുമായിട്ടാണ് മറുതാകോലം എത്തുന്നത്.മക്കളില്ലാത്തവര്‍ക്ക് മക്കള്‍ ഉണ്ടാകുന്നതിനും അകാലമൃത്യുവും ആത്മഹത്യാ പ്രവണതയും ഒഴിവാക്കണമെന്ന പ്രാര്‍ഥനയുമായാണ് കാലന്‍ കോലം എത്തുന്നത്. പടയണിയിലെ ഏറ്റവും ശക്തമായ വഴിപാടാണ് കാലന്‍ കോലം. കുഞ്ഞുങ്ങളെ രോഗങ്ങളില്‍ നിന്നും അകറ്റുന്നതിനായി പക്ഷിക്കോലവും യക്ഷിബാധയില്‍ നിന്നും മോചനത്തിനായി സുന്ദരയക്ഷിക്കോലവും നിറഞ്ഞാടുന്നു. ഉദ്ദിഷ്ടകാര്യലബ്ധി, കാര്യവിജയം, സര്‍വദോഷങ്ങളില്‍ നിന്നുള്ള മോചനം എന്നിവയ്ക്കുവേണ്ടിയാണ് ഭൈരവിക്കോലം തുള്ളുന്നത്.അടവി ആറാം പടയണിക്കാണ് അടവി. പുത്തന്‍ കുരുന്നുകള്‍ക്ക് പുറന്തോടുപൊട്ടിച്ച് പുറത്തുവരാന്‍ പാകത്തില്‍ ചൂടുപകര്‍ന്നു ചൂരലില്‍ കടന്നുരുണ്ട് വനദേവതക്കു രക്തം കൊടുക്കുന്ന ചൂരല്‍ അടവിയായിരുന്നു പണ്ട്. ഇതിനു പകരമായി കാളിയുടെ കലിയടക്കി വസിക്കാന്‍ പനമരം നല്‍കുന്ന അടവിയാണ് ഇപ്പോള്‍ നടക്കുന്നത്.കേരളത്തിന്‍റെ സാംസ്കാരിക പൈതൃകവുമായി ബന്ധപ്പെട്ടു കിടക്കുകയാണ് കടമ്മനിട്ട പടയണിയിലെ അടവി. അഗ്നിക്കിരയാകുന്ന വനത്തെ പുനര്‍സൃഷ്ടിക്കുന്നതിലൂടെ പ്രകൃതിക്കു കൂട്ടായി വനം സംരക്ഷിക്കണമെന്ന സന്ദേശം കൂടിയാണ് നല്‍കുന്നത്.ശംഖ് നാദം മുഴക്കിയാണ്അടവി വിളി. ‘ഒന്നാകും ദൈവം വാഴ്കയേ... വാഴ്ക വാഴ്കയേ... യേ.. യേ... എന്ന് എട്ടുദിക്കും മുഴങ്ങുമാറ് ഉച്ചത്തില്‍ വിളിച്ചാണ് മുറിചെ്ചടുത്ത പനമരവുമായി കളത്തിനു പുറത്തു കരവാസികള്‍ എത്തുന്നത്.‘‘ആയിക്കക്കുന്നു വാഴ്കയേ... വാഴ്ക..വാഴ്ക... വാഴ്കയേ..യേ... എന്നു തൊണ്ട കീറുമാറ് വിളി മുഴക്കി അന്തരീക്ഷം ഞെട്ടുമാറ് ഉച്ചത്തില്‍ കതിനാവെടികള്‍ മുഴങ്ങുന്പോഴാണ് പനമരവുമായി കരവാസികള്‍ മുന്നോട്ടു കുതിക്കുക.മൂന്നുവട്ടം കഴിയുന്പോള്‍ പടയണിക്കളത്തില്‍ പനമരം ഉയരും.‘ഈദേശം വാഴ്കയേ...യേ...കടമ്മനിട്ട ഭഗവതി വാഴ്കയേ..വാഴ്ക ...വാഴ്കയേ ...യേ..യേ...എന്നു കരക്കാരുടെ പ്രാര്‍ഥന അന്തരീക്ഷത്തെ മുഖരിതമാകുന്പോള്‍ പനമരം ക്രമേണ മറിഞ്ഞ് കളം മറയും. ഇതോടെ അടവിയുടെ ചടങ്ങുകള്‍ പൂര്‍ത്തിയാകും.വല്യപടയണി കാച്ചിക്കൊട്ടിയ തപ്പില്‍ നിന്നുയരുന്ന മേളക്കൊഴുപ്പില്‍ പിശാച് മുതല്‍ ഭൈരവി വരെയുള്ള കോലങ്ങള്‍ കാവിലമ്മയുടെ തിരുമുന്പില്‍ നിറഞ്ഞാടുന്നതാണ് വല്യപടയണിയുടെ പ്രത്യേകത.ഓലക്കെട്ടുകളുടെ ചൂട്ടുവെട്ടത്തില്‍ അര്‍ധരാത്രിയോടെ എത്തുന്ന കോലങ്ങള്‍ ഒാരോന്നായി നേരം പുലരും വരെ കളത്തില്‍ തുള്ളിയൊഴിയും. മുഖംമറ കോലങ്ങള്‍ മുതല്‍ രൗദ്രഭാവങ്ങള്‍ നിറഞ്ഞ ഭൈരവി വരെയാണ് തുള്ളുക. മുപ്പതിലേറെ കലാകാരന്മാരാണ് ഇതിനുളളത്.എട്ടാം ദിവസമായ ഏപ്രില്‍ 21ന് ദേശം മുഴുവന്‍ കാത്തിരിക്കുന്ന വല്യപടയണി ചടങ്ങുകള്‍ രാത്രിപതിനൊന്നരയോടെ തുടങ്ങും. ചെണ്ടമേളം, വായ്ക്കുരവ, തീവെട്ടി, ആര്‍പ്പുവിളി എന്നിവയുടെ അകന്പടിയില്‍ ചൂട്ടുവെളിച്ചത്തിലാണ് കോലങ്ങളുടെ എടുത്തുവരവ്. ജംക്ഷന് സമീപത്തു നിന്നാണ് കോലങ്ങള്‍ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിക്കുന്നത്. തപ്പുകൊട്ട്, വെളിച്ചപ്പാട്, താവടി, പുലവൃത്തം, വിനോടം എന്നിവക്കു ശേഷമാണ് കോലം തുള്ളുന്നത്.കോലം തുള്ളലിനും ചിട്ടകളുണ്ട്. ആദ്യം പിശാച് കോലം. പിന്നീട് മറുത, കാലന്‍, പക്ഷി എന്നിവക്കു ശേഷം യക്ഷിയും ഭൈരവിയും ഒന്നിച്ചാണ് കളത്തിലേക്ക് എത്തുന്നത്. എന്നാല്‍ ആന്തരയക്ഷി, അരക്കിയക്ഷി, സുന്ദരയക്ഷി എന്നിവ തുള്ളിക്കഴിഞ്ഞേ ഭൈരവിയിലേക്കു കടക്കൂ. പൂപ്പട, കരവഞ്ചി, എന്നിവക്കു ശേഷം തട്ടിന്മേല്‍ കളിയോടെയാണ് അവസാനിക്കുക. അപ്പോഴേക്കും നേരം വെളുക്കും.പടയണി ആശാന്മാര്‍ പടയണി ആശാന്മാരായ കുന്പനാട് കടപ്ര ആലുനില്‍ക്കുന്നതില്‍ എം. കെ. ഗോപാലകൃഷ്ണന്‍, കടമ്മനിട്ട മുല്ലശ്ശേരില്‍മണ്ണില്‍ അരവിന്ദാക്ഷന്‍പിള്ള എന്നിവരുടെ നേതൃത്വത്തില്‍ 15 കലാകാരന്മാരാണ് കോലം എഴുതുന്നത്. മണ്ണില്‍ മുത്ത്, ബിപിന്‍ കാരുവള്ളില്‍, സതീഷ് ചന്ദ്രന്‍, വി. എസ്. സജി, കെ. ആര്‍. ശ്രീജിത്ത്, കൊല്ലംപറന്പില്‍ അനു, പത്മകുമാര്‍, രാജേന്ദ്രന്‍ തുരുത്തിയില്‍, രഞ്ജിത് കൊല്ലംപറന്പില്‍, സജീവ്, സന്ദീപ്, കണ്ണന്‍, അരുണ്‍ എന്നിവരാണ് പ്രധാനമായും കോലം തയ്‌യാറാക്കുന്നത്. ഗോപാലകൃഷ്ണന്‍ 34 വര്‍ഷമായി കടമ്മനിട്ട പടയണിക്ക് കോലം എഴുതുന്പോള്‍ അരവിന്ദാക്ഷപിള്ള 31 വര്‍ഷമായും കാവിലമ്മയുടെ പടയണിയുടെ നിറക്കൂട്ടുകളും വരകളുമായി സജീവസാന്നിധ്യം അറിയിക്കുന്നു.പച്ചപ്പാളക്ക് 1400 കവുങ്ങുകള്‍ കോലം തയ്‌യാറാക്കാന്‍ 1400 കവുങ്ങുകളില്‍ നിന്നാണ് പച്ചപ്പാളകള്‍ സംഘടിപ്പിക്കുന്നത്. ഒരു കവുങ്ങില്‍ നിന്ന് ഒരു പാള മാത്രമേ എടുക്കു. 75 പാളയില്‍ തീര്‍ത്ത സുന്ദരയക്ഷിയും 101 പാളയില്‍ തീര്‍ത്ത ഭൈരവിയുമാണ് ഇത്തവണത്തെ പ്രത്യേകത. വല്യ പടയണിക്ക് 2030 വരെ വഴിപാട് ബുക്കിങ്ങാണ്. കുറഞ്ഞത് മൂന്നുലക്ഷം രൂപയെങ്കിലും ഇതിനായി ചെലവ് വരും. കൂട്ടക്കോലങ്ങള്‍ക്ക് 6000 രൂപയും. എല്ലാ ദിവസവും വഴിപാട് കോലങ്ങളാണ് തുള്ളുന്നത്.കടമ്മനിട്ട ക്ഷേത്രത്തില്‍ എത്താന്‍ പത്തനംതിട്ടയില്‍ നിന്ന് കടമ്മനിട്ട വഴി കോഴഞ്ചേരിക്കും റാന്നിക്കും ബസുണ്ട്. അഞ്ചര കിലോമീറ്റര്‍ ദൂരമുണ്ട്. ബസില്‍ പത്തനംതിട്ടയില്‍ നിന്ന് അഞ്ചു രൂപയാണ് നിരക്ക്.ക്ഷേത്രത്തിന്‍റെവിലാസം- കടമ്മനിട്ട ഭഗവതി ക്ഷേത്രം,കടമ്മനിട്ട പിഒ, പത്തനംതിട്ട ഫോണ്‍ 0468-2217824.

പെതൃകമായ് കടമ്മനിട്ട പടയണി

മധ്യതിരുവിതാംകൂറിലെ അനുഷ്ഠാന കലയാണ്‌ പടയണി എന്ന പടേനി. ഇതില്‍ പ്രധാനപ്പെട്ടതാണ്‌ കടമ്മനിട്ട കാവിലെ പടയണി. വിഷു നാളില്‍ ചൂട്ടുവച്ച്‌ പച്ചത്തപ്പ്‌ കൊട്ടി തുടങ്ങി പത്താമുദയ ദിവസം പകല്‍ പടയണിയോടെയാണ്‌ ഇത്‌ സമാപിക്കുക. വീഡിയോ കാണുക

എട്ടാം ദിവസമാണ്‌ പ്രധാനപ്പെട്ട പടയണി. അന്ന്‌ ഭൈരവിക്കോലമാണ്‌ ആടുക. ഇത്‌ പുലരും വരെ നീളും. പടയണിയുടെ ആദ്യത്തെ രണ്ട്‌ ദിവസം ചൂട്ടുവച്ച്‌ കാവിലമ്മയെ വിളിച്ചിറക്കുന്നു. മൂന്നാം
ദിവസം മുതലാണ്‌ പടയണി തുള്ളല്‍ ആരംഭിക്കുക.

എട്ടാം പടയണി ദിവസം ഉറക്കമൊഴിഞ്ഞ കാവിലമ്മ ഒന്‍പതാം ദിവസം ഉറങ്ങുന്നു. അതുകൊണ്ടാണ്‌ പത്താമുദയ ദിവസം പകല്‍പ്പടയണിയായി തുള്ളല്‍ നടക്കുന്നത്‌.

ഐതിഹ്യം

ദാരിക നിഗ്രഹത്തിന്‌ ശേഷം കലി ശമിക്കാതിരുന്ന കാളിയെ ശാന്തയാക്കാനായി പരമശിവന്‍റെ ഭൂതഗണങ്ങളും വാദ്യമേളങ്ങളും തുള്ളലുകളും ഹാസ്യ സംവാദങ്ങളും നടത്തിയത്രെ. കാളി ശാന്തയായതോടെ നാശത്തിന്‍റെ നടുക്കല്‍ നീങ്ങി സമൂഹത്തില്‍ നന്മയുടെ പ്രകാശം പരന്നു.

കാലക്രമത്തില്‍ നന്മ കൊതിച്ച നാട്ടുകൂട്ടങ്ങള്‍ പച്ചത്തപ്പു കൊട്ടി ദേവിയെ വിളിച്ചിറക്കി കോലം കെട്ടി നൃത്തമാടി എന്നാണ്‌ ചരിത്രം. അങ്ങനെ കരനാഥന്മാരുടെ തണലില്‍ പടയണി ഒരു അനുഷ്ഠാന കലാരൂപമായി മാറി.

കാളി പ്രീതിക്കു വേണ്ടി നടത്തുന്ന ഒരു കലാരൂപമാണ്‌ പടയണി എങ്കിലും ആത്യന്തികമായി അതിന്‍റെ ലക്‍ഷ്യം സമൂഹ നന്മയാണ്‌. ഇരുട്ടിന്‍റെ പ്രതീകമാണ്‌ ദാരികന്‍‍. കാളി കാളുന്നവളാണ്‌. ഇരുട്ടിന്‍റെ മേല്‍ ആധിപത്യമുറപ്പിക്കുന്ന വെളിച്ചമാണ്‌ പടയണിയുടെ ആന്തരിക ചൈതന്യം.

ചടങ്ങുകള്‍

താവടി, പുലവൃത്തം, പരദേശി, അടവി തുടങ്ങി പല ചടങ്ങുകളും കടമ്മനിട്ട പടയണിയില്‍ കാണാം. പടയണിയില്‍ തപ്പുകൊട്ടലിന്‌ ശേഷം വെളിച്ചപ്പാടെത്തുന്നു. പിന്നീട്‌ താവടി അരങ്ങേറുന്നു. നേര്‍ത്താവടി എന്നും പന്നത്താവടി എന്നും അറിയപ്പെടുന്ന രണ്ട്‌ വിഭാഗങ്ങളാണുള്ളത്‌.

താരതമ്യേന പരിഷ്കൃത വേഷമാണ്‌ നേര്‍ത്താവടിയില്‍ ഉപയോഗിക്കുക. വേഷങ്ങളുടെ അപരിഷ്കൃതത്വമാണ്‌ പന്നത്താവടിക്ക്‌ ആ പേരുവരാന്‍ കാരണം.

കൊയ്ത്ത്‌, കറ്റ മെതിക്കല്‍, പൊലിയളക്കല്‍, തടുത്തു കൂട്ടല്‍, പൊലിയുണക്കല്‍, വീശിയൊരുക്കല്‍ തുടങ്ങിയ കാര്‍ഷിക വൃത്തികളോട്‌ അനുബന്ധിച്ച ചലനക്രമങ്ങളോടു കൂടിയ തുള്ളലാണ്‌ പുലവൃത്തം. കാവിലേത്‌ കാര്‍ഷിക ദേവതയാണ്‌.

ഈ ഭാവത്തിന്‌ പ്രാധാന്യം നല്‍കിയുള്ള പാട്ടുകളാണ്‌ പുലവൃത്തത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. സമൂഹത്തിലുണ്ടാവുന്ന മാറ്റങ്ങളെയും വികാസങ്ങളെയും വീക്ഷിക്കുകയും ഹാസ്യഭാവത്തോടെ വിലയിരുത്തുകയും ചെയ്യുന്ന വിനോദമാണ്‌ പരദേശി.

പടയണിയിലെ അതിപ്രധാനമായ ഒരു ചടങ്ങാണ്‌ അടവി. നൃത്തരൂപങ്ങളും വിനോദവുമൊക്കെ അടവിയില്‍ ദിവസവും ഉണ്ടായിരിക്കും. ദാരികാസുര വധത്തെ പ്രകീര്‍ത്തിക്കുന്ന പാട്ടോടുകൂടിയ പുലവൃത്തം തുള്ളല്‍ അടവി ദിവസം നിര്‍ബന്ധമാണ്‌.

തപ്പുകൊട്ടി മേളമൊരുക്കി താളവടിവില്‍ അടവി തുള്ളി പുലവൃത്തമാടി വിനോദ ഭാഷണങ്ങളിലൂടെ പൊട്ടിച്ചിരി വിടര്‍ത്തി - ഇതൊക്കെ ആയിട്ടും കാളിയുടെ കലി ശമിക്കുന്നില്ല. കലി ശമിക്കണമെങ്കില്‍ അമ്മയില്‍ ആവേശിച്ചിരിക്കുന്ന ദുര്‍ബാധകളൊക്കെ ഒഴിയണം.

പിശാച്‌, മറുത, യക്ഷി തുടങ്ങിയ ദേവതകളാണ്‌ അമ്മയെ ബാധിച്ചിരിക്കുന്നത്‌. പിണിയൊഴിപ്പിക്കുന്നതിലൂടെ ദേവി കര്‍മ്മോന്‍മുഖയായി മാറും.

ഓരോ ദേവതയ്ക്കും ഓരോ രൂപമുണ്ട്‌. ആ രൂപങ്ങള്‍ വരച്ചെടുക്കുമ്പോള്‍ കോലങ്ങളായി. പച്ചപ്പാളയില്‍ പ്രകൃതിദത്ത നിറങ്ങളുപയോഗിച്ചാണ്‌ കോലങ്ങള്‍ വരയ്ക്കുന്നത്‌.

ഈ കോലങ്ങളെയൊക്കെ ആട്ടിയിറക്കുന്നതോടെ ഭൈരവിക്കോലം (കാഞ്ഞിരമാല) എഴുന്നള്ളുന്നു. ദേവിയുടെ പ്രതിരൂപമാണത്‌. ഭൈരവിക്കോലം ആടിത്തീരുമ്പോല്‍ പുലര്‍ച്ചെയാവും. അതോടെ കടമ്മനിട്ട പടയണി അവസാനിക്കും