കടമ്മനിട്ട പടേനി ഗ്രാമത്തിന്റെ പണികള്‍ വീണ്ടും തുടങ്ങി

കടമ്മനിട്ട പടേനി ഗ്രാമത്തിന്റെ നിര്‍ത്തിവച്ചിരുന്ന പണികള്‍ വീണ്ടും തുടങ്ങി. സപ്തംബര്‍ 30നകം പടേനിഗ്രാമത്തിന്റെ ഒന്നാംഘട്ട പണികള്‍ പൂര്‍ത്തിയാക്കാന്‍ എഡിഎമ്മിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചതിനെത്തുടര്‍ന്നാണ് മുടങ്ങിക്കിടന്ന പണികള്‍ വീണ്ടും തുടങ്ങിയത്.

കഴിഞ്ഞ ഒക്ടോബറില്‍ ഒന്നാംഘട്ട പണികള്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് കടമ്മനിട്ട പടേനി ഗ്രാമത്തിന്റെ നിര്‍മ്മാണം തുടങ്ങിയത്. എന്നാല്‍, പണികളെങ്ങുമെത്താതെ മുടങ്ങുകയായിരുന്നു. നവംബറില്‍ രണ്ടാംഘട്ട പണികള്‍ തുടങ്ങേണ്ടതായിരുന്നു. മൂന്നു ഘട്ടമായാണ് പടേനി ഗ്രാമത്തിന്റെ പണികള്‍ പൂര്‍ണ്ണമായും പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടത്.

ക്ഷേത്രച്ചിറയുടെ ചുറ്റുമതിലിന്റെ കോണ്‍ക്രീറ്റിങ് വ്യാഴാഴ്ച നടക്കും. ക്ഷേത്രച്ചിറ നവീകരണം, കല്‍മണ്ഡപം, അലങ്കാരഗോപുരം തുടങ്ങിയവയുടെ നിര്‍മ്മാണം എന്നിവയാണ് ആദ്യഘട്ടത്തില്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

മുടങ്ങിക്കിടക്കുന്ന പടേനി ഗ്രാമത്തിന്റെ പണികള്‍ തുടങ്ങുന്നതിനായി എഡിഎം എം.കെ.കലാധരന്‍ യോഗം വിളിച്ചുചേര്‍ക്കുകയായിരുന്നു. പണികളുടെ പുരോഗതി വിലയിരുത്താന്‍ സിഡ്‌കോയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ടാഴ്ച കൂടുമ്പോള്‍ പണിയുടെ പുരോഗതി സിഡ്‌കോ, ഡിടിപിസി, പടേനി ഗ്രാമം ഏകോപന സമിതി, എന്‍ജിനിയര്‍, കരാറുകാരന്‍ എന്നിവര്‍ ചേര്‍ന്ന് വിലയിരുത്തും. പണിയുടെ നടത്തിപ്പില്‍ കരാറുകാരനും മേല്‍നോട്ടത്തില്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും വരുത്തിയ അനാസ്ഥയാണ് ഒന്നാംഘട്ടം മുടങ്ങാന്‍ ഇടയായതെന്ന് പടേനി ഗ്രാമ ഏകോപന സമിതി ആരോപിക്കുന്നു.

അലങ്കാരഗോപുരത്തിന്റെ വാര്‍പ്പു മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഇതിന് മുകളില്‍ ഒരു മിനി കോണ്‍ഫറന്‍സ് ഹാള്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും ഇതിനുള്ള പണികളൊന്നും തുടങ്ങിയിട്ടില്ല. ഗാര്‍ഡ്‌റൂം പണിയാന്‍ ഒന്നാംഘട്ടത്തില്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും അതും നടന്നില്ല. പതിനൊന്നു മാസത്തിനുള്ളില്‍ ഒന്നാംഘട്ട പണികള്‍ തീര്‍ക്കാമെന്നാണ് കരാറുകാരന്‍ ഉറപ്പുനല്‍കിയിരുന്നത്.

ഫണ്ട് അനുവദിക്കുന്ന കാര്യത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ യാതൊരു അലംഭാവവും കാണിച്ചില്ല. എന്നാല്‍, നടത്തിപ്പില്‍ വന്ന പിഴയാണ് പടേനിഗ്രാമത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് 34 ലക്ഷം രൂപയാണ് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ അനുവദിച്ചത്. മൂന്നു ഘട്ടമായി നടക്കുന്ന പടേനി ഗ്രാമത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് 4.54 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

രണ്ടാംഘട്ട പണികള്‍ തുടങ്ങേണ്ട സമയം കഴിഞ്ഞിട്ട് ഇപ്പോള്‍ എട്ടുമാസമായി. 41 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന രണ്ടാംഘട്ട പദ്ധതിയുടെ പ്രോജക്ട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ വഴി സംസ്ഥാന ടൂറിസം വകുപ്പിന് കൈമാറിയിട്ട് മാസങ്ങളായി.

പടേനി പരിശീലിപ്പിക്കാനുള്ള വലിയ കളരിയും ചെറിയ കളരിയും പടേനി അവതരിപ്പിക്കാനുള്ള ഓപ്പണ്‍ എയര്‍ തിയേറ്റര്‍, പടേനി മ്യൂസിയം എന്നിവയാണ് രണ്ടാംഘട്ടത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്. റിസര്‍ച്ച് ആന്‍ഡ് ഡോക്യുമെന്‍േറഷന്‍ സെന്റര്‍, ഡോര്‍മിറ്ററി, ഗസ്റ്റ്ഹൗസ് എന്നിവയാണ് മൂന്നാംഘട്ടത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്.

പരിസ്ഥിതി സൗഹൃദ പദ്ധതികൂടിയാണ് പടേനിഗ്രാമം. മരങ്ങള്‍ വച്ചുപിടിപ്പിച്ച് കാവ് നിര്‍മ്മാണം, കുളം നവീകരണം, തോടുകളുടെ സംരക്ഷണം എന്നിവയെല്ലാം പടേനി ഗ്രാമത്തിന്റെ പദ്ധതിയിലുണ്ട്.

കടമ്മനിട്ട ഗ്രാമത്തിന്റെ സ്വപ്ന പദ്ധതിയായ പടേനിഗ്രാമത്തിന് ആറന്മുള വാസ്തുവിദ്യാ ഗുരുകുലമാണ് പ്ലാനും പ്രോജക്ടും തയ്യാറാക്കിയിരിക്കുന്നത്. പദ്ധതിക്കാവശ്യമായ മൂന്നേക്കര്‍ സ്ഥലം നാട്ടുകാരുടെ സഹായംകൊണ്ട് ഭഗവതി ക്ഷേത്രകമ്മിറ്റിയും ഗോത്രകലാകളരിയും ചേര്‍ന്നാണ് വാങ്ങിയത്. 2008ല്‍ തീരുമാനിച്ച പദ്ധതിക്ക് 2009ല്‍ പണി തുടങ്ങുകയായിരുന്നു

No comments: